നാളെ വൈക്കത്തഷ്ടമിയാണ്.. അഷ്ടമി ഓര്‍മ അച്ഛന്റെ ഓര്‍മ കൂടിയാണ്..

ചെറുപ്പത്തില്‍ വര്‍ഷത്തില്‍ ഒരിക്കലേ മസാല ദോശ കഴിക്കാറുള്ളൂ… അത് അഷ്ടമിക്കാലതാണ്.. അച്ഛന്‍ ഞങ്ങളെ കൂട്ടി ആനന്ദഭവന്‍ ഹോട്ടലില്‍ പോകും… ആ വലിയ ദോശ പ്ലേറ്റില്‍ വരുന്നത് വരെ ഉള്ള കാത്തിരിപ്പാണ് ഇന്ന് വരെ ഞാന്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും നീളം കൂടിയ കാത്തിരിപ്പ്‌.. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് വര്‍ഷത്തിലെ ആ ഒരു മസാല ദോശ വലിയ ഒരു ആഡംബരം ആയിരുന്നു…
അമ്പലത്തിലെ ആനയും അമ്പാരിയും ഒന്നും വലുതായി എന്നെ സന്തോഷിപ്പിചിരുന്നില്ല.. മസാല ദോശ അല്ലാതെ..

അഷ്ടമി വരാന്‍ കാത്തിരുന്നത് ആ പ്ലേറ്റ് നിറഞ്ഞിരുന്ന മസാല ദോശ കഴിക്കാന്‍ ആയിരുന്നു…

വലുതായപ്പോ അതിലും വലുതും (നല്ലതും ? ), വലിയ ഹോട്ടലുകളിലെയും മസാല ദോശകള്‍ കഴിച്ചു.. എന്നാല്‍ അച്ഛന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വാങ്ങി തന്നിരുന്നതിന്‍റെ അത്രയും സ്വാദ് ഇതു വരെ ഒന്നിനും എനിക്ക് തോന്നിയിട്ടില്ല..

ഇത്തവണ അഷ്ടമിക്ക് അച്ഛന്‍ കൂടെ ഇല്ല.. മസാല ദോശക്ക് ആ പഴയ രുചിയും..

പാദ സ്മരണ സുഖം…

images

അച്ഛൻ എന്ന വാക്ക് എന്റെ മനസ്സിലേക്ക് കൊണ്ട് വരുന്നത് ഏറണാകുളം അമൃത ആശുപത്രിയിലെ ബൈ സ്റ്റാന്റർ ഹോസ്ടലിലെ ഇടുങ്ങിയ മുറിയും വിധിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന ഒരു അമ്മയും പറക്കമുറ്റാത്ത രണ്ടു മക്കളേയുമാണ്‌. കൃത്യമായി പറഞ്ഞാൽ 2001 ഫെബ്രുവരി മാസം 13 … കാരണം അന്നാണ് ഡോക്ടർ ആ അമ്മയോട് ഫെബ്രുവരി 10 ന് സംഭവിച്ച അപകടത്തിൽ ഭർത്താവിന്റെ ശരീരം തളർന്നു പോയിരിക്കുന്നു എന്ന് അറിയിച്ചത്. complete quadriplegia with paralysis of all the four limbs.

ആ ചെറിയ മുറിയിൽ പ്രകാശം ഉണ്ടായിരുന്നോ എന്ന് എനിക്ക് ഓർമയില്ല. എന്തായാലും ഞങ്ങൾ മൂന്നു പേരുടെ കണ്ണിലും മനസ്സിലും ഇരുട്ടായിരുന്നു. അച്ഛൻ ശയ്യാവലംബി ആയിരിക്കുന്നു എന്നത് മുഴുവനായി മനസ്സിലായി എങ്കിലും അതിന്റെ അർത്ഥവും വ്യാപ്തിയും മുഴുവനായി മനസ്സിലാക്കാൻ എന്നിലെ 16 കാരന് ആയിരുന്നില്ല.കരയാത്ത കണ്ണുകളുമായി അമ്മ ഡോക്ടറുടെ ആ വാക്കുകൾ വീണ്ടും വീണ്ടും പറഞ്ഞു.”ഒരു കൊച്ചു കുട്ടിയെ പോലെ നമ്മൾ അച്ഛനെ നോക്കണം ഇനി മുതൽ”.. പല പ്രാവശ്യം പറഞ്ഞ് മനസ്സിനെ പാകപ്പെടുത്തുക ആയിരുന്നിരിക്കണം. അറിയില്ല… ഞങ്ങൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു.

ശനിയാഴ്ച ദിവസം ഒരു സഞ്ചി സാധനങ്ങളുമായി തലയോലപ്പറമ്പ് ചന്തയിൽ നിന്ന് ഇനി അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വരാൻ കഴിയില്ലേ.. “ഉണ്ണികുട്ടാ … നീ നല്ല പോലെ പഠിക്കണം ” എന്ന് അച്ഛൻ ഇനി എന്നെ ഉപദേശിക്കില്ലേ?.. ചെറിയ തെറ്റുകൾക്ക് പോലും അമ്മക്ക് ഇനി വലിയ ശകാരങ്ങൾ ഉണ്ടാകില്ലേ. ? .. ഇതൊക്കെ ആയിരുന്നിരിക്കാം എന്റെ മനസ്സിൽ അന്ന് കടന്നു പോയിട്ടുണ്ടാവുക. അല്ലെങ്കിൽ എന്നിലെ പക്വമതി ആ സാഹചര്യത്തെ ഇങ്ങനെയാണ് ഇന്ന് , ഇപ്പോൾ മനസ്സിലാക്കുന്നത്.. അതുമാവാം… പക്ഷെ ഞങ്ങളുടെ ജീവിതത്തിൽ എല്ലാം എല്ലാമായിരുന്ന അച്ഛൻ ഒരു കിടക്കയിൽ തന്റെ ഉത്തരവാദിത്തങ്ങൾ ഇറക്കി വച്ചു എന്ന് അംഗീകരിക്കാൻ മനസ്സ് അനുവദിച്ചില്ല.. ആ വിസമ്മതം കണ്ണീരായി ഒലിചിറങ്ങിയ തുമാവാം.

പക്ഷെ ഒന്നെനിക്കറിയാം… വ്യക്തമായി ഓർമയും ഉണ്ട്. ആ കണ്ണീർ ഒപാൻ ഞങ്ങൾക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. .. ആ പറക്കമുറ്റാത്ത കൈകൾ ചേർത്തു പിടിച് “സാരമില്ല മക്കളെ ” എന്ന് ആരും പറഞ്ഞില്ല. ” നീ വിഷമിക്കണ്ട ” എന്ന് ആ അമ്മയോട് ആരും പറഞ്ഞില്ല.പക്ഷേ ആ കണ്ണീർ തുടച് രണ്ടു പേരെയും ചേർത്തു നിർത്തി എന്നിലെ 16 കാരൻ പറഞ്ഞു .. “നിങ്ങൾക്ക് ഞാനുണ്ട്… ” എന്തായിരുന്നു അതിനു പിന്നിലെ ധൈര്യം എന്ന് ഇന്ന് ആലോചിക്കുമ്പോൾ അത്ഭുതം ആണ് .. അന്നു മുതൽ ഈ കാരണത്താൽ അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടില്ല. വിധിയോടു പടവെട്ടാൻ അമ്മ തയാറായിരുന്നു… അതിനു വേണ്ടി മക്കളെ പരുവപ്പെടുത്താനും.

പക്ഷെ ഇന്നും ഞാൻ ഒരാളെ വ്യക്തമായി ഓർക്കുന്നു. അമൃത ആശുപത്രിയിലെ അച്ഛൻ കിടന്ന വാർഡിലെ അടുത്ത കിടക്കയിലെ രോഗിയുടെ ഭാര്യയെ. ” മോൻ വിഷമിക്കണ്ട മോനെ… എല്ലാം ശരിയാകും… പടച്ചവൻ എല്ലാം കാണുന്നുണ്ട്..” എന്ന്. അതായിരുന്നു എനിക്ക് ആദ്യമായി കിട്ടിയ ആശ്വാസ വാക്കുകൾ …

പിന്നീടങ്ങോട്ട് നീണ്ട 15 വർഷങ്ങൾ.. ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ , ആളുകൾ , സംഭവങ്ങൾ, യാത്രകൾ, … ഒന്നിനും ഒരു താങ്ങായോ തണലായോ അച്ഛൻ ഉണ്ടായിരുന്നില്ല… ചിലപ്പോ വാക്കുകള കൊണ്ടു പോലും.

പലപ്പോഴും കൂട്ടുകാരുടെ അച്ഛനെ കാണുമ്പോൾ , അവരുടെ സ്നേഹവും കരുതലും കാണുമ്പോൾ, മനസ്സ് തുടിക്കാറുണ്ട്… പക്ഷെ ആ കാരണത്താൽ എന്റെ കണ്ണുകൾ നിറഞ്ഞിട്ടില്ല. കാരണം ഞങ്ങളുടെ കണ്ണുകൾ അച്ഛന് വേണ്ടി കരയാൻ ഉള്ളതായിരുന്നില്ല.

അച്ഛൻ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നു ചിന്തിച്ച എത്ര അവസരങ്ങൾ. നീണ്ട 15 വർഷങ്ങൾ… എന്ട്രൻസ് കൗൻസലിങ്ങിനു മക്കളും രക്ഷിതാക്കളും നിറഞ്ഞ ഹാളിലേക്ക് ഒറ്റക്ക് കേറി ചെന്നപ്പോൾ, parent / guardian കോളത്തിൽ ഒപ്പിടാൻ കൂടെ ആരും ഇല്ലേ എന്നു ചോദിച്ചപ്പോൾ, കോളേജ് അഡ്മിഷനു ചെന്നപ്പോൾ കൂടെ ആരും ഇല്ലേ എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം പറയാൻ അറിയാതെ നിന്നപ്പോൾ,.. ആദ്യ ജോലിക്കായി ചേച്ചിയുടെ ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് ട്രെയിൻ കയറിയപ്പോൾ, ആദ്യ ശമ്പളം കിട്ടിയത് കൊണ്ട് അച്ഛനായി പ്രത്യേകിച്ച് ഒന്നും മേടിക്കാൻ ഇല്ലല്ലോ എന്ന് ഓർത്തപ്പോൾ, .. എനിക്കു നേരെയും അമ്മക്കു നേരെയും വന്ന എതിർപ്പുകളുടെ കൂരമ്പുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചപ്പോൾ, പുതുതായി ഒരു വീട് വച്ചപ്പോൾ കൂടെ നിന്ന് അഭിപ്രായം പറയാൻ ഇല്ലാതെ വന്നപ്പോൾ, പനി വന്നു കിടന്നപ്പോൾ, ആശുപതികളിൽ കൂടെ ആരും ഇല്ലാതെ ഒറ്റയ്ക്ക് പോയപ്പോൾ,കല്യാണ വേഷം ധരിച്ചു നിൽക്കുമ്പോൾ അപ്പുറത്ത് അമ്മ മാത്രം നിന്നപ്പോൾ, …. ആ കിടക്കയിൽ നിന്ന് അച്ഛൻ ഒരു ദിവസത്തേക്കെങ്കിലും എഴുന്നേറ്റു നടന്നിരുന്നു എങ്കിൽ എന്ന്, എന്റെ കൈകളില പിടിച്ച് എന്നെ നേർ വഴിക്ക് നടത്തിയിരുന്നെങ്കിൽ എന്ന്.. ഓർമിക്കാൻ കുറെയേറെ സംഭവങ്ങൾ,മറന്നവയാണ് കൂടുതൽ…. മറക്കാതിരിക്കാൻ കുറെ സംഭവങ്ങൾ, മറക്കാൻ പാടില്ല എന്ന് മനസ്സില് കുറിച്ചിട്ട കുറെ സംഭവങ്ങൾ …. ഇതെല്ലാം ഇന്ന് ഒരു മല വെള്ള പാച്ചിൽ പോലെ മനസ്സിലേക്ക് വരുന്നു…

ആ 15 വർഷങ്ങൾ.. പുതിയ ബന്ധങ്ങൾ, കൂടുതൽ ഉറപ്പുള്ള ബന്ധങ്ങൾ, താങ്ങായും തണലായും വന്നു ചേർന്നു… അന്ന് അമൃതാ ആശുപത്രിയിൽ നിന്നും പടിയിറങ്ങുമ്പോൾ ഉത്തരവാദിത്തമുള്ള അച്ഛൻ , അച്ഛൻ എന്ന ഉത്തരവാദിത്തം ആകുകയായിരുന്നു… ഇന്ന് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കുറച്ചു പേർ എനിക്ക് ചുറ്റും ഉണ്ടല്ലോ എന്നത് വലിയ ഒരു ആശ്വാസം തന്നെ…

ചില സമയങ്ങളിൽ അച്ഛൻ സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന ഒരു സ്വാർഥൻ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്..കഷ്ടപ്പെടുന്ന മക്കളേയും ഭാര്യയെയും മനസ്സിലാക്കാത്ത ഒരാൾ….മനസിലെ ആ വിഷമം ഇടയ്ക്കു ദേഷ്യം ആയി മാറിയിട്ടുണ്ട്.. പക്ഷെ ഇന്ന് തിരിഞ്ഞു നിന്ന് ആലോചിക്കുമ്പോൾ…
കിടക്കപ്പുറം ലോകം ഇല്ലാത്ത ഒരാള് പിന്നെ എന്താണ് ആലോചിക്കുക, എന്താണ് ചെയ്യുക.. കിടക്കയാണ് തന്റെ ലോകം തന്റെ ലോകം എന്ന് തിരിച്ചറിയാൻ വീണ്ടും കുറെ വർഷങ്ങൾ എടുത്തു…

ഒടുവിൽ , പതിനഞ്ചു വർഷങ്ങൾക്കും നാല് മാസങ്ങൾക്കും ശേഷം, 2016 മെയ്‌ 28)0 തീയതി, ഹൃദയാഘാതത്തിന്റെ രൂപത്തിൽ അച്ഛൻ ആ കിടക്ക വിട്ടോഴിയുമ്പോൾ ഞാൻ അടുത്തുണ്ടായിരുന്നില്ല. ആറു മണിക്കൂറുകൾ അകലെ എന്നെ നിർത്തി ആ മുറി ശൂന്യമാക്കി അച്ഛൻ എന്ന ഞങ്ങളുടെ ഉത്തരവാദിത്തം കൂടൊഴിയുമ്പോൾ , അടുത്തു തന്നെ എന്റെ മകൻ മുത്തച്ഛന്റെ അന്ത്യ നിമിഷത്തിനു സാക്ഷിയായി, മറ്റുള്ളവരോടൊപ്പം …
മണിക്കൂറുകൾക്കു ശേഷം വീട്ടിൽ എത്തുമ്പോളും എന്റെ കണ്ണുകൾ നിറഞ്ഞില്ല.. അപ്പോളും പിറ്റേ ദിവസം 12 മണിക്ക് നിശ്ചയിച്ച അന്ത്യ കർമങ്ങൾ എങ്ങനെ ഭംഗിയായി നടത്താം എന്ന ഉത്തരവാദിത്തം ആയിരുന്നു എന്റെ മനസ്സിൽ .. അപ്പോഴും എന്നോടൊപ്പം നിക്കാൻ കുറച്ചു പേർ മാത്രം.. ബാക്കി ഉള്ളവർ എല്ലാം നാളെ തങ്ങൾക്കും സംഭവിക്കാവുന്ന ജീവിതത്തിന്റെ അനിവാര്യതയെ കുറിച്ച് ഒര്മിക്കാത്തവർ ആയിരിക്കും… പരാതികൾ ഇല്ല..

ആ തണുത്ത കൈകളിൽ ഞാൻ പിടിച്ചില്ല… അപകടം തളർത്തിയ ആ കൈകൾ , അതിന്റെ ചൂട് എല്ലാം എന്റെ കൈകളിൽ ഇപ്പോളും ഉണ്ട്… അത് അങ്ങനെ തന്നെ ഇരിക്കട്ടെ… ഇനി വരുന്ന ജീവിത ഉത്തരവാദിത്തങ്ങൾക്ക് താങ്ങാവട്ടെ… തണലാവട്ടെ…

ചിലമ്പ്…

ബ്ലോഗിന്റെ പേജുകള്‍ തുറന്നിട്ട് കുറച്ചേറെ നാളുകള്‍ ആയിരിക്കുന്നു…

ഈ കഥയും കഥാപാത്രങ്ങളും മനസ്സില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി… അവരുടെ ചിന്തകള്‍, അവരുടെ ജീവിതം, കുറെ ദിവസങ്ങളായി മനസ്സില്‍ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. യാത്രകളില്‍ പലതവണ കണ്ടവരും, വഴിയോര കാഴ്ചകളും ഇവരില്‍ ഓരോരുതരിലെക്കും കൊണ്ടു വരാന്‍ പല വിധത്തിലും ആലോചിച്ചു… എത്ര മാത്രം വിജയിച്ചു എന്നറിയില്ല..

if you are not able to read the font, follow the link ചിലമ്പ്

.Image

വിവാഹ പ്രായത്തില്‍ എത്തിയ യുവാവായിട്ടും എനിക്ക് രാത്രികളെ പേടിയായിരുന്നു.. രാത്രി കൂളി ആണെന്നും , രാത്രിയുടെ മറവില്‍ യക്ഷികള്‍ ജീവിക്കുന്നു എന്നും അമ്മ നന്നേ ചെറുപ്പത്തില്‍ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.. വീട്ടിലെ അന്തരീക്ഷവും അങ്ങനെ തന്നെ ആയിരുന്നു… എന്റെ വീടിന്റെ നിറം ചുവപ്പായിരുന്നു.. കടും ചുവപ്പ്.. ശബ്ദം ചിലമ്പിന്റെതായിരുന്നു … പ്രകാശം നിലവിളക്കിന്റെതും … “ മേല്‍വിലാസം വെളിച്ചപ്പാടിന്റെ വീട്” എന്നും.. അമ്മ വെളിച്ചപ്പാടിന്റെ ഭാര്യയും, ഞാന്‍ വെളിച്ചപ്പാടിന്റെ മകനും ആയി…

ഇന്ന് ഈ രാത്രിയില്‍ , ഈ നാല്‍കവലയില്‍, K.S.R.T.C ബസ്‌ ഡബിള്‍ ബെല്‍ അടിച്ചു മുന്നോട്ടെടുക്കുംപോള്‍  ഞാന്‍ ഒരു ദൂര യാത്ര ഞാന്‍ അവസാനിപ്പിച്ചിരുന്നു…. യാത്രാക്ഷീണം അല്ല പരാജയബോധം ആവണം എന്റെ മുഖത്ത് തെളിഞ്ഞിട്ടുണ്ടാവുക…

വീട്ടിലേക്കുള്ള വഴി കാട്ടി ആകാശത്ത് നിലാ വെളിച്ചം നിറഞ്ഞു നിന്നു …പാടവരമ്പില്‍ കൂടി മുന്നോട്ടു നടന്നു… നെല്‍ക്കതിര്‍ നിറഞ്ഞു കിടക്കേണ്ട വയലുകള്‍ ഈ വര്ഷം തരിശു കിടന്നു… സൂര്യനും ചന്ദ്രനും മാറി മാറി ആകാശം നിറഞ്ഞപ്പോള്‍ മഴ മേഖങ്ങള്‍ എത്തി നോക്കിയത് പോലുമില്ല.. ഞാന്‍ നടപ്പിന്റെ വേഗം കൂട്ടി.. എവിടെ നിന്നോ ചിലമ്പിന്റെ താളം എന്നെ പിന്തുടര്‍ന്നു…. ഞാന്‍ തിരിഞ്ഞു നോക്കി… ഇല്ല… ആരുമില്ല… എന്റെ നടപ്പിനൊപ്പം ആ ശബ്ദവും എന്നെ പിന്തുടര്‍ന്നു ….

ഞാന്‍ ജനിച്ച ദിവസം മുതല്‍ എന്റെ ജീവിതത്തിന്റെ ഭാഗമായ ആ ശബ്ദം. അച്ഛന്റെ ശബ്ദം… എന്റെ ഓര്‍മയില്‍ അച്ഛന്റെ ശബ്ദം ഇതായിരുന്നു..ചുവന്ന പട്ടുടുത്, കാലില്‍ ചിലമ്പിട്ടു കയ്യില്‍ വാളുമായി ഇറങ്ങി പോകുന്ന അച്ഛന്‍… …..

രണ്ടര വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്വാസം നിലച്ച അച്ഛന്റെ ജഡം എത്തുന്നത്‌ വരെ എന്റെ ശ്വാസതോടൊപ്പം ഈ ശബ്ദം ഉണ്ടായിരുന്നു… “ഭഗോതി വിളിച്ചു… പോയി..” അമ്മ ഒരു ദിവസം തന്നെ പല തവണ പറഞ്ഞു കൊണ്ടിരുന്നു…

പറമ്പുകാവ് ഭഗവതിയുടെ ഉപാസന ആയിരുന്നു ആ ജീവിതം.. ഭഗവതി അനുഗ്രഹിച് ക്ഷേത്ര നടയില്‍ ഉറഞ്ഞു തുള്ളുന്ന അച്ഛന്റെ രൂപം ചെറുപ്പത്തില്‍ എന്റെ ഉറക്കം കെടുത്തിയിരുന്നു… പക്ഷെ ആ ഭഗവതി ജീവിതത്തില്‍ ഞങ്ങളെ അനുഗ്രഹിച്ചില്ല.. ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടിന്റെ ഉള്ളില്‍ ആഹാരമെത്തിയിട്ട് ദിവസ്സങ്ങള്‍ ആയി എന്ന് ഭഗവതി അറിയാഞ്ഞിട്ടാണോ ആവോ ? അമ്പലത്തില്‍ നിന്നും കിട്ടുന്ന പടച്ചോറും പായസവും ഒരു കുടുംബം മുഴുവന്‍ കഴിയാന്‍ തികയാഞ്ഞപ്പോളും  അമ്മ പറഞ്ഞു… “ഭഗോതി ഒരു വഴി കാണിച്ചു തരും… “

എന്നാല്‍ വളര്‍ന്നു വരുന്ന ഓരോ കാലത്തും ഒരു വഴിയും കാണാതെ ഞങ്ങള്‍ നിന്നു.. എങ്ങനെ മുന്നോട്ടു പോകും എന്നറിയാതെ… അതുകൊണ്ട് തന്നെ ഞാന്‍ ചുവന്ന പട്ടു ചുറ്റിയില്ല .. ചിലമ്പിന്റെ ശബ്ദത്തോടെ നടന്നില്ല… “ വെളിച്ചപ്പാടിന്റെ മകന്‍ നക്സലാ .. “ നാട്ടുകാര്‍ വഴിയില്‍ അടക്കം പറഞ്ഞു…

നടന്നു വീടെത്തിയത് അറിഞ്ഞില്ല…” എന്തായി പോയ കാര്യം… “ നിങ്ങടെ ഭഗോതി വച്ചിരിക്കുന്നോ ജോലി…. “ വികാരം കൊണ്ട് ഞാന്‍ ഉറഞ്ഞു തുള്ളി… “ഭഗോതി ഒരു വഴി കാണിച്ചു തരും… “ പിറുപിറുത്തു കൊണ്ട് അമ്മ അകത്തേക്ക് പോയി മറഞ്ഞു…

രാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ അമ്മക്ക് മറ്റൊരു കഥ പറയാന്‍ ഉണ്ടായിരുന്നു… ഇന്നലെ അമ്പലം കമ്മിറ്റിക്കാര്‍ വന്നിരുന്നു… പണിക്കരുടെ അടുത്ത് പ്രശ്നം വച്ചു പോലും…നാട് വരളാന്‍ കാരണം ഭാഗോതിയുടെ കൊപാത്രേ… “ അമ്മ പറയുന്ന പല കാര്യങ്ങളെയും പോലെ ഇതും എനിക്ക് ദഹിക്കാത്തതായിരുന്നു… രണ്ടു വര്ഷം വെളിച്ചപ്പാടില്ലാതെ കിടന്നതിന്റെ അനര്ധാത്രേ… നീ അത് ഏറ്റെടുക്കാനാ അവര്‍ പറയണേ…. “…കഞ്ഞി മുഴുവന്‍ ആക്കാതെ ഞാന്‍ എഴുന്നേറ്റു…ദിവസ്സങ്ങള്‍ കടന്നു പോയി.. മുകളിലെ വാക്കുകള്‍ പലതവണ അമ്മ ഉരുവിട്ടു….. എന്റെ ഭക്ഷണം പലതവണ ഇടയ്ക്കു നിര്‍ത്തേണ്ടിയും  വന്നു…ജീവിതത്തില്‍ ഒന്നും തരാത്ത ആ ജോലിക്ക് പോകേണ്ട എന്ന് മനസ്സില്‍ പല പ്രാവശ്യം ഉറപ്പിച്ചു..

മേടമാസം വീണ്ടും എത്തി… ക്ഷേത്രത്തിലെ ഉത്സവം കൊടികയറി… അത് നാടിന്റെ ഉത്സവമാണ്.. ആര്‍ക്കും അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല… ആനകളും പഞ്ചാരി മേളവും ചേര്‍ന്ന ഉത്സവ ലഹരി… കൂട്ടുകാര്‍ക്കൊപ്പം ഞാനും ഉണ്ടായിരുന്നു… മേളത്തിന്റെ മൂര്‍ധന്യത്തില്‍ എന്റെ ശരീരത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല… എന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി… ശരീരം വിറക്കാന്‍ തുടങ്ങി…. അതെ … ഞാന്‍ ഒരു വെളിച്ചപ്പാടായി… ആരൊക്കെയോ ചുവന്ന പട്ട് എന്നെ പുതപ്പിച്ചു… എന്റെ ശബ്ദം ചിലംപുകളുടെതായി.. ഞാന്‍ ദൈവമായി… ഭഗവതി  അനുഗ്രഹിച്ച ദൈവത്തിന്റെ രൂപം…

എനിക്ക് പിന്നില്‍ താലമേന്തി നിന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ  കണ്ണീര്‍ പൂക്കള്‍ നിറച്ച താളത്തില്‍ വീണു ചിതറി… വെളിച്ചപ്പാടിന്റെ ഭാര്യയായി അറിയപ്പെടാന്‍ അവള്‍ ആഗ്രഹിചിരിക്കില്ല…അവള്‍ക്കു മുന്നില്‍ ഞാന്‍ ഉറഞ്ഞു തുള്ളി… എന്റെ പിന്നില്‍ ഭക്തര്‍ ആരവങ്ങള്‍ ഉയര്‍ത്തി…

നായര്‍ ഈഴവ ഐക്യം — ഒരു നായര്‍ ചിന്ത….

” ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ

ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ…”

ഈ വരികള്‍ ആണ് എന്റെ മനസ്സില്‍ ഇത് ഞാന്‍ എഴുതുമ്പോള്‍.. പക്ഷെ എനിക്കിവിടെ ജാതി പറയാതിരിക്കാന്‍ ആവുന്നില്ല.. സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍, സര്‍ക്കാര്‍ സഹായത്തിനു വേണ്ടി ഒരു അപേക്ഷ അയക്കുപോള്‍ , റേഷനരി വാങ്ങുമ്പോള്‍, ഉദ്യോഗക്കയറ്റം വേണ്ടപ്പോള്‍ എല്ലാം ഞാന്‍ അല്ലെങ്കില്‍ എന്റെ സമൂഹം ജാതി പറയേണ്ടി വരുന്നു.. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം ജാതിയുടെ അടിസ്ഥാനത്തില്‍ ആണല്ലോ നിശ്ചയിക്കപെടുന്നത്..

അടുത്തിടെ ഞാന്‍ എവിടെയോ ഒരു ചര്‍ച്ചയില്‍ ഒരു മഹാന്‍ പറയുന്നത് കേട്ടു.. “മനുഷ്യന് ജീവിക്കാന്‍ എന്തിനാണ് മതവും ജാതിയും” സത്യമാണ്.. പക്ഷെ ജോലി ഇല്ലാതെ വരുമാനം ഉണ്ടാകുമോ?.. വരുമാനമില്ലാതെ ജീവിക്കാന്‍ പറ്റുമോ?.. നമ്മുടെ വരുമാനം, നമ്മുടെ ജോലി , നമ്മുടെ ജീവിതം എല്ലാം തീരുമാനിക്കുന്നത്‌ ഞാന്‍ അല്ലെങ്കില്‍ നമ്മള്‍ ഇതു സമുദായത്തെ പ്രതിനിധീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി അല്ലെ??

എന്നിലെ ആത്മരോഷം പ്രകടിപ്പിക്കാന്‍ ഞാന്‍ ഈ പോസ്റ്റ്‌ വിനിയോഗിക്കട്ടെ.

സമുദായ ശക്തികള്‍ സംഘടിതമായി സര്‍ക്കാരില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ പിടിച്ചു പറ്റുന്നു എന്നാണല്ലോ ഇപ്പോളത്തെ  ആരോപണം. പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മുസ്ലിം ലീഗും .. അതിനു മറുപടി നായരും ഈഴവരും കൂടി ഒരുമിച്ചു നില്‍ക്കുന്നതാണ് എന്ന് എന്‍. എസ് എസ് ജെനെറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കണ്ടു പിടിച്ചിട്ടു നാളുകള്‍ ഏറെ കഴിഞ്ഞിട്ടില. പക്ഷെ എന്താണ് ഈ ഐക്യം..? ഇതിന്റെ ഫലം എന്തായിരിക്കും… എന്റെ ചില ആശയങ്ങള്‍ താഴെ  കുറിക്കട്ടെ.

ആദ്യമായി മുസ്ലിം ലീഗിന്റെ കാര്യം എടുക്കാം. സത്യമാണ്… അവര്‍ സംഘടിതമായി നിന്ന് കൊണ്ട് സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടി എടുക്കുന്നുണ്ടാവാം. കേരളത്തില്‍ മൊത്തം ഇരുപത്തി ഒന്ന് മുസ്ലിം ലീഗ് M.L.A മാര്‍ ആണുള്ളത്… ഇവര്‍ പരമ്പരാഗതമായ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച് വിജയിച്ചു വരുന്നു. സ്വാഭാവികമായും വോട്ട് ചെയ്തവരോട് കൂറ് കാണിക്കണമല്ലോ … അത് കൊണ്ട് അവര്‍ അധികാരത്തില്‍ എത്തുമ്പോള്‍ അവരുടെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക്‌ ആവശ്യമായ കാര്യങ്ങള്‍ നേടി എടുക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുസ്ലിം ലീഗ് എന്ന പ്രാദേശിക പാര്‍ട്ടിക്ക് കേരളം എന്ന ഒരു വികാരം ഉണ്ടാകേണ്ട കാര്യമില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ പൊതു വികാരത്തിന് എന്ത് പ്രസക്തി. ഇത് തന്നെയാണ് മാണിയുടെ കാര്യത്തിലും, ബാലകൃഷ്ണ പിള്ളയുടെ കാര്യത്തിലും സംഭവിക്കുന്നത്. മാണിയെ സംബന്ധിച്ച് കേരളം എന്നത് പാലയും, ബാലകൃഷ്ണ പിള്ളക്ക് അത് കൊട്ടാരക്കരയും ആണ്.. വോട്ട് ചെയ്തവരോടും കൂറ് കാണിക്കാതെ ഈ പാര്‍ടികള്‍ക്ക് നിലനില്‍പ്പില്ല. ഒരു കാര്യത്തില്‍ നമുക്ക് സന്തോഷിക്കാം. കേരളത്തിന്റെ കുറച്ചു ഭാഗങ്ങള്‍ എങ്കിലും ഈ ഒരു കാരണം കൊണ്ട് വികസിക്കുമല്ലോ.. പക്ഷെ അവര്‍ നേടി എടുക്കുന്നത് മുഴുവന്‍ അനര്‍ഹമായിട്ടാണ് എന്നാണല്ലോ ഹിന്ദുത്വ വാദികളുടെ രോദനം. ഒരു ചോദ്യം ചോദിക്കട്ടെ .. നമ്മുടെ രാജ്യത്തു ആര്‍ക്കാണ് അര്‍ഹമായതെല്ലാം കിട്ടുന്നത്… അര്‍ഹതയുടെ മാനദണ്ഡം തന്നെ ഒരു ചോദ്യ ചിന്ഹം അല്ലെ? സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായങ്ങള്‍ അവരുടെ ജാതിയുടെ പേരില്‍ മാത്രം അവഗണിക്ക പെടുമ്പോള്‍ എന്താണ് അര്‍ഹതയുടെ മാനദണ്ഡം.. ജാതിയോ? മതമോ?

മുസ്ലിം ലീഗിന്റെ ഈ ധിക്കാരത്തിന് (?) തടയിടുവാന്‍ എന്താണ് പോംവഴി.. ഇതാ നമ്മുടെ നേതാക്കള്‍ കണ്ടു പിടിച്ചിരിക്കുന്നു.. നായര്‍ ഈഴവ ഐക്യം തന്നെ. അതായതു സമൂഹത്തില്‍ , സര്‍ക്കാര്‍ കണക്കില്‍ മുന്നാക്കം നില്‍ക്കുന്ന നായരും, സര്‍ക്കാരില്‍ നിന്നും സംവരണ ആനുകൂല്യം നേടുന്ന ഈഴവരും ഒന്നിച്ചു നില്‍ക്കുക. അങ്ങനെ സര്‍ക്കാരില്‍ നിന്നും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക.

ആദ്യ നടപടി വര്‍ഷങ്ങള്‍ ആയി എന്‍ എസ് എസ് നടത്തി വന്ന ക്രിമിലയെര്‍ കേസ് പിന്‍വലിക്കുക.. അങ്ങനെ ഐക്യത്തിനുള്ള സാഹചര്യം ഉണ്ടാക്കി എടുക്കുക. ഓര്‍ക്കുക… വര്‍ഷങ്ങള്‍ ആയി എന്‍..എസ് എസ് നടത്തി വന്ന ഒരു കേസ് ആണ് ഇതിനു വേണ്ടി പിന്‍വലിച്ചത്.. നാളുകള്‍ ആയി എന്‍ എസ് എസ് ഇന്റെ ആവശ്യം ആണ് സാമ്പത്തികമായ സംവരണം. ഒരാള്‍ ജനിച്ച സമുദായത്തിന്റെ പേരിലല്ല, മരിച്ചു അയാളുടെ സാമ്പത്തികമായ സ്ഥിതി കൊണ്ടാണ് അയാള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്നാ തികച്ചും ന്യായമായ ഒരു ആവശ്യം. അല്ലെങ്കില്‍ ന്യായമായ എന്ന് ഒരു മുന്നാക്ക സമുദായക്കാരാണ് തോന്നുന്ന ഒരു കാര്യം. ഈ കേസ് പിന്‍വലിച്ചതോടു  കൂടി നാളുകള്‍ നീണ്ട ഒരു നിയമ പോരാട്ടത്തിനാണ് അവസാനമായത്…. നമ്മള്‍ നേടിയത് എന്താണ്..?? .. കണക്കില്‍ പെടുത്താന്‍ ഇത് വരെ ഒന്നും നേടിയിട്ടില്ല.. ഒരു വെള്ള പേപ്പറിന്റെ വില പോലും ഇല്ലാത്ത  ഒരു നയ രേഖ. ഓര്‍ക്കുക ഈഴവ സമുദായം ഇന്നും O.B.C സംവരണം അനുഭവിക്കുന്നു. നഷ്ടം ആര്‍ക്കാണ്… നായര്‍ സമുദായത്തിന് തന്നെ. ഒരു ഐക്യത്തിന് നമ്മള്‍ നല്‍കിയ വില. ഞാന്‍ ഉള്‍പ്പെടുന്ന നായര്‍ സമുദായത്തിന് ഇനി എന്താണ് ഉള്ളത്.. ക്രീമിലയര്‍ കേസ് ഒരു പ്രതീക്ഷ തന്നെ ആയിരുന്നു.നിയമ പോരാട്ടം ജയിച്ചാല്‍ ഒരു പക്ഷെ എന്റെ ഭാവി തലമുറയ്ക്ക് നേട്ടം ആകാമായിരുന്ന ഒരു പ്രതീക്ഷ. നാലര ലക്ഷം രൂപ എന്ന ക്രീമിലെയര്‍ പരിധിയില്‍ ഒരു പുനര്‍ വിചിന്തനം ആവശ്യമല്ലേ?

എന്താണ് നമ്മുടെ പ്രശ്നം. നമുക്ക് നായര്‍ എം.എല്‍. എ മാര്‍ ഉണ്ടല്ലോ… ഇവര്‍ എന്ത് കൊണ്ട് സമുദായത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. കാരണം മുസ്ലിം ലീഗുകാര്‍ നട്ടെല്ല് നിവര്‍ത്തി നിന്ന് കൊണ്ട്‌ പറയും, ഞാന്‍ മുസ്ലിം ആണ്.. എനിക്ക് വോട്ട് ചെയ്തു വിജയിപ്പിച്ചത് മുസ്ലിം സമുദായം ആണ് എന്ന് .. പക്ഷെ എത്ര നായര്‍ എം എല്‍ എ മാര്‍ക്ക് ഈ ധൈര്യം ഉണ്ട്.. ഞാന്‍ നായരുടെ വോട്ട് കൊണ്ടാണ് വിജയിച്ചത് എന്ന് പറയാന്‍ നമുക്ക് ജന പ്രതിനിധികള്‍ ഇല്ല. അപ്പോള്‍ അവര്‍ നമുക്ക് വേണ്ടി എന്ത് ചെയ്തു തരും എന്നാണ് പ്രതീക്ഷിക്കേണ്ടത്..

ഒരു ഐക്യം കൊണ്ട് ഈ പറഞ്ഞ സ്ഥിതിയില്‍ മാറ്റം ഉണ്ടാകും എന്ന് സത്യസന്ധമായും ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ സ്വപ്നം കണ്ടിരിക്കുകയാണ് എന്നാണ് എന്റെ പക്ഷം…

ആദ്യമായി നമുക്ക് വേണ്ടത്‌ ഹിന്ദുക്കളുടെ വോട്ട് നേടിയാണ് ഞാന്‍ വിജയിച്ചത് എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ജന പ്രതിനിധികളെ ഉണ്ടാക്കുകയാണ്. അതിനു വേണ്ടത്‌ ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ ആണ് … ജയിക്കുന്നവര്‍ എല്ലാം ഞങ്ങളുടെ വോട്ട് കൊണ്ട് ജയിച്ചവര്‍ ആണെന്ന് വീരവാദം പറഞ്ഞത് കൊണ്ട് കാര്യമില്ല. ഞങ്ങളുടെ സമുദായം ഈ സ്ഥാനാര്‍ഥിയെ പിന്തുണക്കും എന്ന് ധൈര്യത്തോടെ പറയണം. ആ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തിക്കണം. സമദൂരം , ശരിദൂരം ഒക്കെ വാചകമടിക്കാന്‍ മാത്രം കൊള്ളാം. സമദൂരം ആണെങ്കില്‍ ഇങ്ങന “ഇവിടൊന്നും കിട്ടിയില്ല, ഞങ്ങള്‍ക്ക് ആരും ഒന്നും തന്നില്ല എന്ന് പറയുന്നതും നിര്‍ത്തണം”.. തോല്‍ക്കുന്നവര്‍ തോല്‍ക്കട്ടെ… ഒരാളെ എങ്കിലും ജയിപ്പിക്കാന്‍ സാധിച്ചാല്‍ ഇതൊരു വിജയം ആയിരിക്കുമല്ലോ…

സംവരണം സാമ്പത്തികം ആയിരിക്കണം എന്ന് വാദിക്കുന്ന ഒരു സമുദായവും , ജാതി സംവരണം അനുഭവിക്കുന്ന ഒരു സമുദായവും ഒന്നിച്ചു , ഹിന്ദ്‌ സമൂഹത്തിനു വേണ്ടി അന്ത് വാങ്ങി തരുമോ ആവോ…  ദേവസ്വം ബോര്‍ഡ്‌ പ്രസിടന്റ്റ്‌  പദവി കൊണ്ട് ഒരു സമൂഹവും രക്ഷപ്പെട്ടതായി ഇന്ന് വരെ ചരിത്രം ഇല്ല… ഇനി ഉണ്ടാകാനും പോകുന്നില്ല…

 

ദേവദാരു

Problem reading malayalam font: Please follow the link for PDF Kadha

ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല . പുറത്തു മുറ്റത്ത്‌ ഇലഞ്ഞി പൂക്കള്‍ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അതിന്റെ ഗന്ധം അന്തരീക്ഷത്തില്‍ ആകെ നിറഞ്ഞു.. ഞാന്‍ എഴുന്നേറ്റു പുറത്തേക്കു നടന്നു.

ദൂരെ ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിലൂടെ ഒരു ട്രെയിന്‍ വളരെ വേഗത്തില്‍ കടന്നു പോയി . ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്. ഞാന്‍ പടിപ്പുര വാതില്‍ക്കലേക്ക് പതുക്കെ നടന്നു. നിറഞ്ഞ നിലാവ് എനിക്ക് വഴി കാട്ടി. പടിപ്പുര വാതിലിനപ്പുറം പടിക്കെട്ടിനു താഴെ ഭാരതപ്പുഴ .. ഭാരതപ്പുഴയുടെ മരണം ഒരു സംസ്കാരത്തിന്റെ മരണമാണ്. കലയുടെ നൂപുര ധ്വനികള്‍ ഉയര്നിരുന്ന ഈ പുഴയുടെ ഹൃദയത്തെ കീറിമുറിച്ചു കൊണ്ട് മണലാരണ്യത്തിലൂടെ ടിപ്പര്‍ ലോറികള്‍ പായുന്നു. അവശേഷിക്കുന്ന ഒരു തരി മണ്ണ് കൂടി സ്വന്തമാക്കാനുള്ള ആര്‍ത്തിയോടെ. ഇനി ഒരിക്കല്‍ കൂടി, ഇത് പഴയ പുഴയായി ജല സമൃധിയോടെ ഒഴുകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്തുകൊണ്ടെന്നറിയില്ല ഈ പുഴയെ എനിക്കിഷ്ടമാണ്…..

അന്ന്, അവളുടെ കൈ  പിടിച്ച് ഈ പടിപ്പുര കെട്ടുകള്‍ കയറുമ്പോള്‍ പുറകിലെ പുഴ നിറഞ്ഞ് ഒഴുകുകയായിരുന്നു. കടത്തുകാരന്‍ തിരിച്ചു യാത്രയായിരുന്നു. നീളന്‍ മുള ജലത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങി. അവളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് കൊണ്ട് മുറ്റത്തേക്ക് നടക്കുമ്പോള്‍, അകത്തെ മുറിയില്‍ നിന്നും മണ്ണെണ്ണ വിളക്കിന്റെ ചെറിയ വെളിച്ചം പുറത്തേക്കു സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു. അവളുടെ കൈകളില്‍ വിറ പടരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

പഴയ മദ്രാസ്‌ നഗരം. “എന്റെ കുട്ടീ … നീ ഇത്രേം ദൂരം … അമ്മക്ക് ഇനി ആരാ ഉള്ളത്… “അമ്മ ഇത്രയും പറഞ്ഞു യാത്രയാക്കിയിട്ട്‌ മൂന്നു വര്ഷം കഴിഞ്ഞിരിക്കുന്നു. പഴയ സഹപാഠിയുടെ വീട് മാത്രമായിരുന്നു മദ്രാസിലെ എന്റെ ഒരേഒരു ആശ്വാസം. വീട്ടിലേക്കുള്ള യാത്ര വല്ലപ്പോഴും ആയിരുന്നു. ഒരു ഓണം … ഒരു വിഷു.. അങ്ങനെ .. വീട്ടില്‍ കാത്തിരിക്കുന്ന അമ്മയുടെ മുഖം കഷ്ടപ്പാടുകളെ അതിജീവിച്ച് എങ്ങനെങ്കിലും വീട്ടില്‍ ഏതാണ എന്നെ കൊതിപ്പിച്ചു. നശിച്ചു തുടങ്ങിയ രസമുകുളങ്ങളെ പുനര്ജീവിപ്പിച്ചു കൊണ്ട് നാലഞ്ചു ദിവസത്തിനകം വീണ്ടും തിരിച്ചു നഗരത്തിലേക്ക്. അമ്മക്ക് വീണ്ടും കൂട്ടിനു നാണിയമ്മയും , തങ്കപ്പന്‍ നായരും അമ്മിണിയേടതിയും….

ഒഴിവു ദിവസം മറ്റൊന്നും ചെയ്യാന്‍ ഇല്ലാതിരുന്ന ഞാന്‍ തൊട്ടടുത്ത 

അമ്പലത്തിലെ സ്ഥിരം സന്ദര്‍ശകനായി. സുബ്ബലക്ഷ്മിയുടെ കീര്‍ത്തനങ്ങള്‍  നിറഞ്ഞ അന്തരീക്ഷം . ഒപ്പം മുല്ലപ്പൂവിന്റെ സുഗന്ധവും. “സാര്‍ .. വാങ്കെ സര്‍…വാങ്കെ…” കുറെ ദിവസത്തെ ക്ഷേത്ര ദര്‍ശനതിനിടയില്‍ ഞാന്‍ പലപ്പോഴും ഈ ശബ്ദം അവഗണിക്കുകയായിരുന്നു. പക്ഷെ കൊരുത്ത മുല്ലപൂക്കള്‍ നീട്ടിപ്പിടിച്ചു കൊണ്ട് അവള്‍ എന്നെ ക്ഷണിച്ചത് അവളുടെ ജീവിതത്തിലെക്കായിരുന്നു… ഒഴുക്കുനിലച്ച കറുത്ത പുഴയും , കോണ്ക്രീറ്റ് വനങ്ങളും ഇല്ലാത്ത പഴയ മദ്രാസ് നഗരത്തിന്റെ ഒരു സമ്മാനം… എന്റെ സ്വന്തം കറുത്ത സുന്ദരി… അവളുമായി ഒരുമിച്ചു ജീവിതം തുടങ്ങാന്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ എനിക്ക് തടസ്സമായില്ല. കാരണം അവിടെ സംസാരിച്ചത് ഞങ്ങളുടെ ഹൃദയങ്ങള്‍ ആയിരുന്നു…

ആ ജീവിതത്തിന്റെ ഒരു ഘട്ടത്തിലാണ് ഈ പുഴ കടന്നു അമ്മയുടെ മുന്നില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നത്.. “നാണിയെ … ആ നിലവിളക്ക് കൊളുത്തിക്കൊണ്ട് വന്നോളൂ… ” അവളെ മരുമകളായി സ്വീകരിക്കാന്‍ ഭാഷയും , നിറവും എന്റെ അമ്മയ്ക്കും തടസ്സമായില്ല. “ഉണ്ണിയുടെ പെണ്ണ്.. ” എന്ന് അവള്‍ നാട്ടില്‍ അറിയപ്പെടാന്‍ അധിക സമയം വേണ്ടി വന്നില്ല. പതുക്കെ പതുക്കെ അവള്‍ മലയാളി ആയി.. എന്റെ  കുട്ടിയുടെ അമ്മ ആവാന്‍ ഉള്ള തയ്യാറെടുപ്പും..

ദേവദാരു പൂക്കള്‍ക്ക് ഒരു പ്രത്യേകത ഉണ്ടത്രേ. ഒരിക്കലും വാടാത്ത പൂക്കള്‍. അല്ലെങ്കില്‍ ഒരിക്കലും മരിക്കാത്ത പൂക്കള്‍. ഒരു പക്ഷെ അതൊരു മിഥ്യ വിശ്വാസം ആയിരിക്കും… കൊഴിഞ്ഞു വീഴാതെ  മരത്തില്‍ തന്നെ നില്‍ക്കുന്ന പൂക്കള്‍. അങ്ങനെ ഒരിക്കല്‍ പൂക്കള്‍ മാത്രം നിറഞ്ഞ ഒരു മരം.. എത്ര രസമായിരിക്കും അല്ലെ…

അന്നും പുറത്ത് നിലാവുണ്ടായിരുന്നു. കുറെ ദിവസങ്ങള്‍ നീണ്ട മഴയ്ക്ക് ശേഷം. 

വേദന കൊണ്ട് കരയുന്ന അവളെ  താങ്ങി പിടിച്ചു  പടിപ്പുരക്കെട്ടുകള്‍  കടക്കുമ്പോള്‍ പുറത്തു ഭാരതപ്പുഴ നിറഞ്ഞൊഴുകുകയായിരുന്നു.  ഒഴുകി കുതിച്ചെത്തിയ ആ പുഴയുടെ ഓളങ്ങളില്‍ പെട്ട ഞങ്ങളുടെ വള്ളം ആടിയുലഞ്ഞു. അവളുടെ ആര്‍ത്ത നാദം നദിയുടെ തീരങ്ങളില്‍ പ്രതിഫലിച്ചു…

പിറ്റേദിവസം അവളുടെ ചേതനയറ്റ ശരീരവുമായി വരുമ്പോള്‍ മഴ കോരി ചൊരിയുകയായിരുന്നു. എന്റെ കണ്ണുനീരും ഈ പുഴയില്‍ ലയിച്ചു. ഒരുപാട് വെള്ളം ഒഴുകിപ്പോയ ആ നദി നിസ്സംഗമായി   ഒഴുകിക്കൊണ്ടിരുന്നു. “കുറച്ചു കൂടി നേരത്തെ എത്തിച്ചിരുന്നെങ്കില്‍” ഡോക്ടറുടെ ഈ വാക്കുകള്‍ പോലും പുഴയെ ശപിക്കാന്‍ എന്നെ തോന്നിച്ചില്ല…

എന്റെ മുന്നില്‍ ഇന്ന് ഈ ഒഴുകാത്ത പുഴ മാത്രം, എന്റെ മനസ്സ് പോലെ ശൂന്യമായി ….. അതിന്റെ ബാക്കിയുള്ള ജീവനെ കവര്‍ന്നെടുക്കുന്ന മനുഷ്യരും.. പിന്നില്‍ ഇലഞ്ഞിപ്പൂക്കള്‍ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഭൂമിയില്‍ വീണ ആ പൂക്കള്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല.. എല്ലാ ചെടികളും ദേവദാരു ആയിരുന്നെങ്കില്‍, എല്ലാം മനുഷ്യരും മരണമില്ലാത്തവരും…. എന്റെ പുഴയെ പക്ഷെ ഞാന്‍ എങ്ങനെ ജീവിപ്പിക്കും….